Sunday, December 10, 2017

കരുതല്‍



കരുതല്‍

സത്യം തന്നെ, സത്യം തന്നെ
പെരും നുണകൾ ഉച്ചത്തിൽ
വിളിച്ചുകൂവിയാൽ 
വിരൽ മൂക്കിന്മേൽ
കയറിയിരിയ്ക്കും.

കാക്കകളും കുയിലുകളും 
മത്സരിയ്ക്കുന്ന
ആകാശത്തെക്കുറിച്ച്
ആർക്കാണ് നിശ്ചയം?.

മത്സരങ്ങൾക്ക്‌ നിങ്ങൾ
വേദിയൊരുക്കും
ഇരയാരെന്ന് നിശ്ചയിയ്ക്കുമ്പോൾ
നിലവിളിയുയരുന്നത്  കേട്ടില്ലേ
അതു മണ്ണടരുകളിൽ
അലിഞ്ഞു ചേർന്ന
ആത്മാക്കളുടെ
നെഞ്ചകങ്ങളിൽ നിന്നും
പുറപ്പെടുന്നതാകാം.

പടിപ്പുരയിൽ
വഴിക്കണ്ണു തെളിച്ച്
ആധിപിടിച്ച മനസുമായി
ഓരോ അമ്മയും
നിൽക്കുന്നുണ്ടാകും.

ഉറക്കം അടിമയാക്കാൻ
സമ്മതിയ്ക്കാത്ത കണ്ണുമായി
ഒരു താലിച്ചരട് ചുമർ ചാരി
നെടുവീർപ്പിടുന്നുണ്ടാകാം.

വർണ്ണക്കടലാസിൽ പൊതിഞ്ഞ
മിഠായികൾ സ്വപ്നം കണ്ട്
തഴപ്പായുടെ ഓരത്തു
ചക്കരയുമ്മകൾ
ചുരുണ്ടു കിടപ്പുണ്ടാകാം.

പുലരുവോളം നീണ്ടു പോകുന്ന
കാത്തിരിപ്പിന്‍റെ ഉറക്കച്ചടവുകൾ
കരിപിടിച്ച റാന്തൽ ചില്ലുപോലെ
ഭീതി നിഴലിച്ച മുഖങ്ങളുടെ

കടല്‍പ്പെരുക്കങ്ങളില്‍ ആലേഖനം
ചെയ്യപ്പെടുന്ന നിരാശ്രയ നിലവിളികള്‍  
ഏതു കണക്കു പുസ്തകത്തിലാണ്
രേഖപ്പെടുത്തേണ്ടത്?

ഇപ്പോള്‍
ഓരോ പുലരിയും ഉണരുന്നത്
അരിഞ്ഞു വീഴ്ത്തപ്പെട്ട
ജീവന്‍റെ കണക്കെടുപ്പുമായാണ്.
അതാണല്ലോ വാര്‍ത്തകളൊക്കെ
നിറം പിടിച്ച നുണകള്‍
കൊണ്ട് അലങ്കരിയ്ക്കന്നത്.
ചുവപ്പുകണ്ട കാളകള്‍
മുക്രയിട്ടു പാഞ്ഞനടക്കുന്നത്.

കുരിശിലേറ്റാനും കുറ്റപ്പെടുത്താനും
ഇരകള്‍ക്കുവേണ്ടിയുള്ള
പാച്ചിലില്‍ ഞെരിഞ്ഞമരുന്ന സത്യം
നുണകളുടെ പെരുംകളിയാട്ടത്തില്‍
ചൂട്ടുവെട്ടത്തിന്‍റെ വട്ടപ്പരിധിയ്ക്കും
പുറത്താകുകയാണല്ലോ.


മൊഴികളൊതുക്കിയടയിരിയ്ക്കുന്ന
വാക്കുകളുടെ മൗനം ഭയാനകം
ഇരുട്ടിലേയ്ക്കു നയിയ്ക്കപ്പെടുന്ന
ഘോഷയാത്രകള്‍ എത്രയെന്നെണ്ണുവാന്‍
ഒരു കീറുവെളിച്ചമെങ്കിലും കരുതാന്‍
മറക്കാതിരിയ്ക്കാം.
===========================CNKumar.















No comments: