Sunday, December 10, 2017

കരുതല്‍



കരുതല്‍

സത്യം തന്നെ, സത്യം തന്നെ
പെരും നുണകൾ ഉച്ചത്തിൽ
വിളിച്ചുകൂവിയാൽ 
വിരൽ മൂക്കിന്മേൽ
കയറിയിരിയ്ക്കും.

കാക്കകളും കുയിലുകളും 
മത്സരിയ്ക്കുന്ന
ആകാശത്തെക്കുറിച്ച്
ആർക്കാണ് നിശ്ചയം?.

മത്സരങ്ങൾക്ക്‌ നിങ്ങൾ
വേദിയൊരുക്കും
ഇരയാരെന്ന് നിശ്ചയിയ്ക്കുമ്പോൾ
നിലവിളിയുയരുന്നത്  കേട്ടില്ലേ
അതു മണ്ണടരുകളിൽ
അലിഞ്ഞു ചേർന്ന
ആത്മാക്കളുടെ
നെഞ്ചകങ്ങളിൽ നിന്നും
പുറപ്പെടുന്നതാകാം.

പടിപ്പുരയിൽ
വഴിക്കണ്ണു തെളിച്ച്
ആധിപിടിച്ച മനസുമായി
ഓരോ അമ്മയും
നിൽക്കുന്നുണ്ടാകും.

ഉറക്കം അടിമയാക്കാൻ
സമ്മതിയ്ക്കാത്ത കണ്ണുമായി
ഒരു താലിച്ചരട് ചുമർ ചാരി
നെടുവീർപ്പിടുന്നുണ്ടാകാം.

വർണ്ണക്കടലാസിൽ പൊതിഞ്ഞ
മിഠായികൾ സ്വപ്നം കണ്ട്
തഴപ്പായുടെ ഓരത്തു
ചക്കരയുമ്മകൾ
ചുരുണ്ടു കിടപ്പുണ്ടാകാം.

പുലരുവോളം നീണ്ടു പോകുന്ന
കാത്തിരിപ്പിന്‍റെ ഉറക്കച്ചടവുകൾ
കരിപിടിച്ച റാന്തൽ ചില്ലുപോലെ
ഭീതി നിഴലിച്ച മുഖങ്ങളുടെ

കടല്‍പ്പെരുക്കങ്ങളില്‍ ആലേഖനം
ചെയ്യപ്പെടുന്ന നിരാശ്രയ നിലവിളികള്‍  
ഏതു കണക്കു പുസ്തകത്തിലാണ്
രേഖപ്പെടുത്തേണ്ടത്?

ഇപ്പോള്‍
ഓരോ പുലരിയും ഉണരുന്നത്
അരിഞ്ഞു വീഴ്ത്തപ്പെട്ട
ജീവന്‍റെ കണക്കെടുപ്പുമായാണ്.
അതാണല്ലോ വാര്‍ത്തകളൊക്കെ
നിറം പിടിച്ച നുണകള്‍
കൊണ്ട് അലങ്കരിയ്ക്കന്നത്.
ചുവപ്പുകണ്ട കാളകള്‍
മുക്രയിട്ടു പാഞ്ഞനടക്കുന്നത്.

കുരിശിലേറ്റാനും കുറ്റപ്പെടുത്താനും
ഇരകള്‍ക്കുവേണ്ടിയുള്ള
പാച്ചിലില്‍ ഞെരിഞ്ഞമരുന്ന സത്യം
നുണകളുടെ പെരുംകളിയാട്ടത്തില്‍
ചൂട്ടുവെട്ടത്തിന്‍റെ വട്ടപ്പരിധിയ്ക്കും
പുറത്താകുകയാണല്ലോ.


മൊഴികളൊതുക്കിയടയിരിയ്ക്കുന്ന
വാക്കുകളുടെ മൗനം ഭയാനകം
ഇരുട്ടിലേയ്ക്കു നയിയ്ക്കപ്പെടുന്ന
ഘോഷയാത്രകള്‍ എത്രയെന്നെണ്ണുവാന്‍
ഒരു കീറുവെളിച്ചമെങ്കിലും കരുതാന്‍
മറക്കാതിരിയ്ക്കാം.
===========================CNKumar.















Wednesday, September 6, 2017

വാക്കുകൾ

വാക്കുകൾ
....................

ചിട്ടയായി അടുക്കി വച്ചാൽ
ആയുധത്തേക്കാൾ
മൂർച്ച കൂടും
അവർ സ്വാതന്ത്ര്യത്തെക്കുറിച്ച്
ഉറക്കെ പറയും
അഴിമതിക്കാരെ
അഴിയ്ക്കുള്ളിലാക്കും

വാക്കുകളുടെ അടുക്കൽ
വശമില്ലാത്തവർ
അടിമകളെപ്പോലെ
മുട്ടുകാലിലിഴയും
യജമാന ഭക്തിയാൽ
വേട്ടക്കാരന്റെ പാദുകങ്ങൾ
നക്കി വെടിപ്പാക്കും.

അക്ഷരങ്ങളുടെ
അരമറിയാത്തവർ
ആയുധത്താൽ
ആധിപത്യം നേടും.

ഭൂമിയിൽ ചോരപ്പാടുകൾ നിറച്ച്
ചില വാക്കുകൾ നമ്മെക്കടന്നു
മനസിലേക്ക് ചേക്കേറും

പക്ഷെ, ഒരുനാൾ
എല്ലാ വാക്കുകളും
ചിട്ടയായി അടുക്കപ്പെടും
അപ്പോൾ അവയൊക്കെ
ആയുധങ്ങൾക്കുമേൽ
അധീശത്വം നേടും

അന്ന്
എല്ലാ മനസുകളിലും
ഓണം പൂത്തു നിറയും
അതുവരേയ്ക്കും
ഞാനടുക്കുന്ന വാക്കുകൾ
എവിടെയാണ് വയ്ക്കേണ്ടത്?

ഇപ്പോൾ ആയുധങ്ങൾ
അടുത്ത ഇരയെത്തേടുന്ന
തിടുക്കത്തിലാണ്
ഭ്രാന്തെടുത്തു പായുകയാണ്

ഒറ്റപ്പെട്ട ചില വാക്കുകൾ
വഴിയരുകിൽ
വീണുപോയിട്ടുണ്ട്
അവയൊക്കെ
ഇനിയാരാണ്
ചിട്ടയായി അടുക്കി വയ്ക്കുന്നത്?
==================== CNKumar.

Sunday, February 12, 2017

ബഞ്ചമിൻ ഫ്രാങ്ക്ലോ ഇനി മരിച്ചവരുടെ കൂട്ടത്തിൽ

ബഞ്ചമിൻ ഫ്രാങ്ക്ലോ ഇനി  മരിച്ചവരുടെ കൂട്ടത്തിൽ

ബഞ്ചമിൻ ഫ്രാങ്ക്ലോ,
കൊല്ലപ്പെടുകയോ അല്ലെങ്കിൽ
ആത്മഹത്യ ചെയ്യുകയോ
ആണെന്നാണ്
ഇതുവരെ എല്ലാവരും
കരുതിയിരുന്നത്

തലേന്നാൾ വൈകിട്ട്
ചന്തക്കവലയിൽ വരുന്നതും
എല്ലാവരുമായി
വേണ്ടുവോളം മിണ്ടുന്നതും
എല്ലാവരേയും പോലെ
ഞാനും കണ്ടിരുന്നു.

മക്കൾക്ക് കുഞ്ഞുടുപ്പോ
അവലോസുണ്ടയോ
കെട്ട്യോൾക്ക്
കണ്മഷിയോ വാങ്ങിയതായി
ആരും സാക്ഷ്യപ്പെടുത്തിയില്ല.

ആയതിനാൽ
അന്നു രാവിൽ അരങ്ങേറിയ
സംഭവത്തെക്കുറിച്ച്
ഊഹാപോഹങ്ങൾ മാത്രം
തിരുകിയ വർത്തമാനങ്ങൾ
തന്നെയാണ് കുളിക്കടവിലും
അയൽക്കൂട്ടത്തിലും
സായാഹ്ന ചർച്ച.

എന്നാൽ,
ഭാര്യയുടെ അലമുറയ്ക്കിടയിൽ
ഉയർന്ന ചില പേച്ചുകൾ
ആരുടേയും ചെവിയിൽപ്പെട്ടില്ല
എന്നതാണ് അന്ത്യവിശകലനം.

കഴിഞ്ഞ അഥവാ
നടന്നു കൊണ്ടിരിക്കുന്ന
നോട്ടു നിരോധനക്കാലത്തെ
നല്ല നാളുകൾക്കിടയിൽ
(ക്ഷമിക്കണം ദേവനാഗരിഭാഷ
തെല്ലും വശമില്ല, സത്യം മൂന്നുവട്ടം
രാജ്യദ്രോഹി എന്നു വിളിക്കരുത്)
സാമാന്യം രണ്ടു ചാന്ദ്രമാസക്കാലം
ആ നല്ലവനായ
പെയിന്റിംഗ് തൊഴിലാളിയ്ക്ക്
പണിയില്ലാതെ പട്ടിണിയും
പരിവട്ടവുമായി കഴിയേണ്ടിവന്നതിലും
തദ്വാരാ ഉണ്ടായ മന:ക്ലേശവും
ആരോടും കടം ചോദിച്ചാൽ
അവരും ഇതേ സ്ഥിതിയിൽ കഴിയുന്നവരായതുകൊണ്ടും
പണ്ടൊരാൾ ബാങ്ക് നിക്ഷേപമായ്
കൊടുക്കാമെന്നു പറഞ്ഞ
പതിനഞ്ചു ലക്ഷം ക
കിട്ടാത്തതിന്റെ നിരാശയും
നൽകിയ സമ്മർദ്ദത്തിൽ
ഹൃദയപേശികൾ പണിമതിയാക്കി
എന്നൊട്ടോപ്സി ഉവാചാ.

ആയതിനാൽ
പ്രസ്തുത കാലത്തെ മരിച്ചവരുടെ
കൂട്ടത്തിൽ പേരു ചേർക്കുകയും
സർവ്വവിധ കഷ്ടനഷ്ടങ്ങളും
അനുവദിയ്ക്കുന്ന മുറയ്ക്ക്
കുടുംബത്തിനു കിട്ടുമെന്ന്
വിളംബരം ചെയ്യപ്പെട്ടിരിയ്ക്കുന്നു.

ഈ അവസരത്തിൽ
ഇന്നേനാൾ മുതൽ
മേപ്പടി ബഞ്ചമിൻ ഫ്രാങ്ക്ലോ
മരിച്ചവരുടെ കൂട്ടത്തിൽ
ഗണിക്കപ്പെടും.
================== CNKumar.


Wednesday, January 11, 2017

ചെഗുവേര

ചെഗുവേര

ചെഗുവേര
വെറുമൊരു പേരല്ല
പോരിൻ ചരിത്രം പകുത്ത
ചെന്താരകം.

ചെഗുവേര
തടവറയ്ക്കുള്ളിൽ കരുങ്ങിയ
മർദ്ദിത കോടികൾ
നെഞ്ചേറ്റിടുന്ന പുലർകാലസ്വപ്നം.

ചെഗുവേര
സിറിഞ്ചും സ്റ്റെതസ്കോപ്പുമെടുത്തൊരാ
കൈകളിൽ തോക്കേന്തി
സാമൂഹ്യ രോഗശാന്തിയ്ക്കായ്
പൊരുതിയ ഭിഷഗ്വരൻ.

ചെഗുവേര
ഭരണകൂടങ്ങൾ കാണാൻ മടിയ്ക്കുന്ന
പേക്കിനാവിന്റെ നാനാർത്ഥമായ്
കാലാന്തരങ്ങൾക്കതീതനായ്
ബൊളീവിയൻ കാടകങ്ങളിൽ
ശതകോടി സ്വപ്നങ്ങൾ കാണും
അഗതികൾക്കാശാപുഷ്പമായ്
പൂത്തിറങ്ങുന്ന വിപ്ലവവസന്തം.

ചെഗുവേര
ചാഞ്ഞു വീശും പടിഞ്ഞാറൻ കാറ്റല്ല
വിഷ വർഷം വഹിയ്ക്കും
സാമ്രാജ്യത്വക്കരിമേഘങ്ങളും
ഫാസിസ്റ്റുവർഗ്ഗീയത തൻ
കോട്ടകൊത്തളങ്ങളും
തകർക്കാനശ്വമേധം
നടത്തും കൊടുങ്കാറ്റ്.

ചെഗുവേര
യുവത തൻ നെഞ്ചകങ്ങളിൽ
മനിത സ്നേഹത്തിൻ
വജ്രശോഭ ചൊരിയുന്ന
വർത്തമാനത്തിൻ ദിശാസൂചകം.
ചെഗുവേര
ചിത്രങ്ങൾ പോലുമുറക്കം കെടുത്തുന്ന
ഭരണാധികാര ധൂർത്തിന്നെതിരേ
പൊരുതും ചരിത്രം വിധിച്ച
കുറ്റവാളിയല്ലാത്തൊരാൾ.

ചെഗുവേര,
മർത്ത്യരൂപം പൂണ്ടസ്നേഹം.
----------------------CNKumar.