Friday, August 14, 2015

Sunday, August 2, 2015

Friday, March 6, 2015

വിവര്‍ത്തനം ചെയ്യാത്ത കാഴ്ചകള്‍

വിവര്‍ത്തനം ചെയ്യാത്ത കാഴ്ചകള്‍  


പുകച്ചുരുളുകള്‍ കലിതുള്ളി
ആകാശത്തിലേയ്ക്ക്
കുതിച്ചുയരുമ്പോള്‍,
ഒരുകയ്യിലെരിയുന്ന പന്തവും
മറുകയ്യില്‍ പരശുമായി
ക്രൂദ്ധരാ,യലറി വിളിച്ചു  
തലങ്ങുംവിലങ്ങും
പേപ്പട്ടിയെപ്പോലാര്‍ത്തു നടക്കുന്ന
മനുഷ്യരൂപങ്ങളെ കണ്ടത്
ഉണര്‍വ്വിലോ ഉറക്കത്തിലോയെന്നു
സാക്ഷ്യപ്പെടുത്താന്‍
മാലഖക്കുഞ്ഞുങ്ങള്‍
മേലില്‍ വരില്ലെന്നുറപ്പുള്ളതിനാലാണ്
പുത്തന്‍ മേലങ്കിയും മുഖത്തേപ്പും
മുട്ടന്‍ വിലയ്ക്കു വാങ്ങിയണിഞ്ഞത്.

വേനലവധിയില്‍ നാട്ടിലേയ്ക്കു
പുറപ്പെട്ട കുപ്പിവളയിട്ട കുഞ്ഞുകൈ
രക്ഷയാചിച്ചു തീയ്ക്കുള്ളില്‍നിന്നും
പുറത്തേയ്ക്കു നീളുന്നത്
എന്ത് രസമുള്ള കാഴ്ചയാണ്.
തീയ്ക്കും മൈലാഞ്ചിയ്ക്കുമൊരേനിറം
മോബൈല്‍ക്യാമറയില്‍ ഒരുസ്നാപ്പു
കുട്ടികള്‍ക്ക് തീവണ്ടിയെ കാട്ടാന്‍,
തീപടരുന്ന ബോഗിയിലെ നിലവിളി
ആനന്ദദായകം, റിംഗ്ടോണിനു കൊള്ളാം,
നിങ്ങള്‍ പറയും, മാടമ്പിത്തരങ്ങള്‍ 
ഉരുക്കുരുകുന്ന കനലിനേക്കാള്‍ തീഷ്ണമായ് 
കണ്ണുകളിലടയാളപ്പെടുന്നുണ്ടെന്നു.

ഇപ്പോള്‍,
ബിഥോവന്റെ സിംഫണി കേള്‍ക്കുന്നു
നീറോയുടെ പുനര്‍ജ്ജന്മം
വെളുത്തച്ചിരി, കോമ്പല്ലുകള്‍
രാകിയൊതുക്കി നിരപ്പെടുത്തി,
അല്ല, ചുണ്ടുകളിലെ താംബൂലച്ചുവപ്പു    
ചോരപുരണ്ടതായി തോന്നുന്നുണ്ടോ,
അതൊക്കെ വെടിപ്പാക്കിയല്ലോ!
നഖത്തിനടിയില്‍ മാംസപ്പറ്റില്ലെന്നു൦ 
തീര്ച്ചയാക്കിയിട്ടുണ്ട്.

നായ്ക്കളിപ്പോഴും കുരയ്ക്കും
സുഗന്ധതൈലങ്ങളുടെ സുഖശീതളിമ
കരിഞ്ഞ മാംസത്തിന്റെ മണം മറയ്ക്കും
പതിച്ചുകിട്ടിയ സിംഹാസനത്തിന്‍റെ
ഉറപ്പാണ് സ്വപ്നത്തിലെപ്പോഴും.

തെരുവിന്ദ്രജാലം നടത്തുമ്പോള്‍
കയ്യടിയാണ് പ്രധാനം.
ചുഴറ്റുന്ന ചാട്ടയ്ക്കൊത്തു
കുരങ്ങന്മാര്‍ കാരണം മറിയും,
ഡോലിയുടെ താളം മറയാകും
അപ്പോള്‍, നാണയങ്ങള്‍ ചിരിയ്ക്കും
നിഘണ്ടുവിലില്ലാത്ത അര്‍ത്ഥതലങ്ങളിലേയ്ക്ക്
കാഴ്ചകള്‍ വിവര്‍ത്തനം ചെയ്യും.  

കണ്ണുകള്‍ക്ക്‌ ഗ്രഹണബാധയേറ്റ
വര്‍ത്തമാനങ്ങളില്‍
ചിലവാക്കുകളുടെ വക്കില്‍
ചോര കനയ്ക്കുന്നുണ്ട്.

================================= CNKumar.