Saturday, October 19, 2013

സമക്ഷം



സമക്ഷം

അതെ,
എപ്പോഴും അങ്ങനെയാണ്
നിരത്ത് വക്കില്‍നിന്നും കണ്ടെടുക്കുന്ന
നിറംകെട്ട കാഴ്ചകള്‍ പൊലിപ്പിച്ചുതന്നെയാണ്
കഥകള്‍ മെനയുന്നത്.
പക്ഷെ നീ മാത്രമെന്താണ്
എന്നെയിങ്ങനെ പിന്തുടരുന്നത്
നോക്കൂ, നീയെന്റെ
കഥാപാത്രത്തിന്റെ മാതൃകയാണ്  
ഒച്ചവെയ്ക്കാതെ കടന്നുപോകുന്ന,
പോകേണ്ട മാതൃക.

നിന്റെ പട്ടിണിയും പ്രാരബ്ദങ്ങളും
എന്റെ അക്ഷരങ്ങളില്‍ നിറച്ചു
ഞാന്‍ ധനവാനാകുമ്പോള്‍
പാലം കടന്ന മനുഷ്യകീടത്തിന്റെ
പ്രായോഗികബുദ്ധിയില്‍
വേദവചനങ്ങള്‍ക്ക് ഇടമില്ല.
കാരണം, ഞാനൊരു കഥാകാരന്‍ മാത്രമാണ്
എന്നില്‍ കാരുണ്യവാനെ കാണാന്‍
ശ്രമിയ്ക്കുന്നത് നിന്റെ കുറ്റമാണ്.

മണല്‍ക്കാട്ടില്‍,
സൂര്യന്റെ നിഴലെഴാവഴികളില്‍,
ഒരുതുള്ളി വെള്ളത്തിനും
ഒരുതുണ്ടു കോതമ്പടയ്ക്കും
നീ ഞരങ്ങി നീങ്ങുമ്പോള്‍,
നിന്റെ ഓര്‍മകളില്‍ പോലും
സ്വപ്നത്തിന്റെ നിലാചിന്തുകള്‍
തിരനോട്ടം നടത്താതെ
തീണ്ടാദൂരത്തിനുമപ്പുറ൦
മുഖമൊളിപ്പിച്ചു വാഴുമ്പോള്‍,
പറയാനൊരു വാക്കുപോലും
ബാക്കിവയ്ക്കാതെ വരണ്ട തൊണ്ടയും
അസ്തമയക്കണ്ണുകളുമായി
നീയിരിയ്ക്കുമ്പോള്‍,
ജീവന്റെയന്ത്യകണം വിട്ടൊഴിയുന്നതും
കാത്തു കണ്ണുനട്ടിരിയ്ക്കുന്ന കഴുകനെപ്പോലെ
ഞാനുണ്ടായിരുന്നു നിന്റെ പിന്നില്‍.

എന്നാല്‍ ഞാനെഴുതിയ വരികളില്‍
ഇതിനേക്കാള്‍ ഭാവവീര്യം നിറച്ചു
വായനക്കാരന്റെ കണ്ണും മനസും  
കുത്തിനോവിച്ചു നിറച്ചു
ചൂടപ്പം പോലെ വിറ്റഴിച്ചത്
നിന്റെ കഥയെന്നു കരുതിയതാണ് തെറ്റ്.

ഞാനൊരു കഥാകാരന്‍ ആണ്
കഥാപാത്രങ്ങളും വായനക്കാരും ഇരകളാണ്
ഒന്ന് ചൂണ്ടയില്‍ കൊരുക്കാനുള്ളതും
മറ്റൊന്ന് കുരുക്കാനുള്ളതും.
ഇരകളും വേട്ടക്കാരനും ഏതുകാലത്താണ്
ചങ്ങാത്തം കൂടിയിട്ടുള്ളത്?


ആയതിനാല്‍
എന്റെ പേരില്‍ ചാര്‍ത്തപ്പെട്ടിരിയ്ക്കുന്ന കുറ്റം
അന്യായമാണെന്നും സമക്ഷത്തില്‍ ദയവുണ്ടായി
വാദിഭാഗത്തു നിന്നുമുണ്ടായ മാനഹാനിയ്ക്ക്
തക്കതായ നഷ്ടം കല്‍പ്പിച്ചു തീര്‍പ്പാക്കി
നടത്തിച്ചെടുക്കാന്‍ അനുവദിച്ചു
തരുമാറാകണമെന്നപേക്ഷ.  

========================== CNKumar.

മുളവന എന്‍ എസ് മണിയുടെ രചന 

No comments: