Sunday, May 20, 2012

എ.ഡി 2050-ലെ ദിനസരിയില്‍ നിന്ന്.........

എ.ഡി 2050-ലെ ദിനസരിയില്‍ നിന്ന്.........

ഈ കര്‍ണങ്ങളില്‍ വന്നലയ്ക്കുന്ന രോദനമാരുടെതു ?
കാല്ച്ചവിട്ടേല്ക്കുമീ മണ്ണു നനയ്ക്കുന്ന കണ്ണുനീരാരുടെത് ?
ഒരു മാത്രയെന്‍ ഹൃദയ ചിമിഴതിലിറ്റു വീണോ,
പല രാത്രികളതില്‍ നൊന്തുപെറ്റ കവിതയില്‍ 
പെരുമാക്കള്‍ വാളേറ്റിക്കൊലവിളിച്ചോ?

പാതിരാപ്പൂ ചൂടാനാതിരയില്ല 
ഊഞ്ഞാല്‍ക്കയറിന്റെ തുമ്പില്‍ 
ഉയിരറ്റ ചൂടുള്ള ധനുമാസരാവും,
കൊടിയ രോഗത്തിനു കിട്ടാമരുന്നിനാ-
യോടിനടക്കുന്ന മീനമാസനിശ്വാസവും 
കാണുവാന്‍ മാത്രമായെന്തിന്നു വന്നു നീ 
കാക്കക്കറുമ്പിയാം  പെണ്ണെ.

ആയിരത്തിരിയിട്ട നെയ്‌വിളക്കില്ല,
ആവണിപ്പലകയില്‍ കുടിവച്ചിരുത്തുവാന്‍  
ആരോ വഴിയ്ക്കിട്ടു പോയൊരീ 
വാളും ചിലമ്പുമുറയുന്ന,താളങ്ങളുതിരുന്ന,
തുടിയതില്‍ താരികള്‍ പാടുന്ന, വിരലുകള്‍ 
ഊര്‍ദ്ധശ്വാസം വലിച്ചുഴലുന്ന വിരലുകള്‍ മാത്രം.

ഹൃദയപഞ്ജരം പൊട്ടിച്ചു പൈങ്കിളീ 
മൂവേഴുശതകത്തിന്നുത്തരാര്‍ദ്ധത്തി-
ലെന്തിന്നു ചേക്കേറി നീയിരിയ്ക്കുന്നു.
ഇവിടെ മനുഷ്യര്‍ നട്ടെല്ലു നഷ്ടപ്പെടുത്തിയ 
കാഴ്ചബംഗ്ലാവിലെ കൌതുകം.
ആശുപത്രിപ്പരീക്ഷണാലയത്തില്‍   
തൊണ്ടകീറുന്നു* ടെസ്ട്യൂബ് ബേബികള്‍.
ഊതിപ്പെരുപ്പിച്ച പൊങ്ങച്ചവും ,
ബ്യൂട്ടീഷ്യന്‍ നല്‍കിയ സൌന്ദര്യവും,
വങ്കത്ത ക്ലബ്ബിലെ യംഗത്വവും
'മമ്മിമാര്‍' സൊസൈറ്റിലേഡികള്‍
സ്നേഹം ഗവേഷണം ചെയ്യുന്ന 
കംപ്യൂട്ടറിന്‍ ഫ്ലോപ്പീഡിസ്ക്കുകള്‍ 
കീബോഡിന്‍ മുന്നിലൊരു കുട്ടി 
പെട്ടടയ്ക്കാത്തല ചൊറിഞ്ഞു
കണ്ണുകള്‍ സ്ക്രീനില്‍ പതിച്ചിരിയ്ക്കുന്നു.
കറുത്ത കണ്ണടവച്ച ചിത്രകാരന്‍ 
ചോരയാല്‍ മിസൈലിന്‍ ചിത്രം വരയ്ക്കുന്നു.

ഹരിതാഭയറ്റൊരു ഭൂമി,
തിളയ്ക്കും മണല്‍ക്കാടുകള്‍ ,
ഇവിടെ തെങ്ങിക്കരയുന്നതാര്,
കരയുന്നതാര്?

നിശീഥിനി  തന്‍ മദ്ധ്യയാമശനിപ്പകര്ച്ചയില്‍
പേക്കിനാത്തുരുത്തിന്‍ നെറുകയില്‍ നിന്നും 
കണ്ണുകള്‍ പൊട്ടിച്ചിനച്ചുയര്‍ന്നീടവേ;
കര്‍ണ്ണരന്ധ്രങ്ങളില്‍ വന്നലയ്ക്കുന്നയലത്തെ 
സ്ത്രീധനസ്റ്റവ്വു പൊട്ടിത്ത്രിച്ചതിന്‍ രോദനം,
പിന്നെയൊരലര്ച്ചയും.
വഴിയ്ക്കാരി തേടിപ്പോയവന്‍
വായ്ക്കരി കിട്ടാതറുകൊലയനാഥ-
പ്രേതമായ്ത്തീര്ന്നതിന്‍ രോദനം.
വയറുകാഞ്ഞൊരു പിള്ള 
പായോടൊട്ടിയ രോദനം.
വാളും വടികളും പാതാളഭീതികള്‍ തീര്‍ത്തുകൊ-
ണ്ടോലപ്പുരകളെപ്പാവകാശനം ചെയ്യുന്ന രോദനം.

സ്വാസ്ഥ്യം കെടുത്തും ശവംതീനികള്‍ 
വരിയിട്ടു വരിയിട്ടു വന്നെന്‍ 
നിദ്രയ്ക്കു ഭംഗം വരുത്തുന്ന 
ഗ്രഹപ്പിഴയേറ്റൊരു യാമങ്ങളില്‍ 
തേങ്ങിക്കരയുന്നതാര് ?
കരയുന്നതാര്?
============================CNKumar .
*തൊണ്ട കീറുക = കരയുക 
(1995 -ല്‍ എഴുതിയത്, സമാഹാരം -കാഴ്ചശീവേലി )

No comments: