Tuesday, February 14, 2012

ഇരകളെക്കുറിച്ച് പറയുമ്പോള്‍.

ഇരകളെക്കുറിച്ച് പറയുമ്പോള്‍.

അപ്പോള്‍, 
ഇതുവരെപറഞ്ഞത്‌ 
പുലിമടയില്‍ പെട്ട 
പേടമാനിന്റെ
കണ്ണുകളിലെ 
ഭീതിയെക്കുറിച്ചാണ്. 

പക്ഷെ ആഭീതി,
ടീച്ചറുടെ കണ്ണുകളിലും
നിഴലിയ്ക്കുന്നു.
എപ്പോഴാണൊരു  കൊലക്കത്തി
തന്റെ നേര്‍ക്കടുക്കുകയെന്നാവാം.

ഗുരുദക്ഷിണയിപ്പോള്‍
കൊലക്കത്തിയവതാരത്തിലാണ്.
കാമവെറിപൂണ്ട കണ്ണുകള്‍
എവിടെയാണ് പിറന്നത്‌?

മാതാപിതാക്കളെ 
വൃദ്ധസദനത്തിലേയ്ക്ക് 
നടതള്ളിയ നമുക്ക് 
ഗുരുക്കന്മാരെ 
കശാപ്പുചെയ്യാം.
അവരുടെ മോര്‍ഫു ചെയ്ത 
നഗ്നചിത്രങ്ങള്‍ 
നീലപ്പല്ലിലൂടെ
ചവച്ചാസ്വദിയ്ക്കാം,
പങ്കുവെയ്ക്കാം.

ഈ പുഴകളെന്തേ  ചുവന്നത്?
അവരുടെ സിരകളില്‍ ഒഴുകുന്നത്‌
ആരുടെ ചോരയാണ്?

പല്ലുകളില്‍ 
പുരണ്ട ചോരയ്ക്ക്
ആരുടെ രുചിയാണ്?
അമ്മയുടെ മുലപ്പാല്‍
നാവുകൊണ്ടല്ലേ 
നുണഞ്ഞത്?
എന്നിട്ടും 
താളം തെറ്റിയത് 
എവിടെ വച്ചാണ്?

വീടുകളില്‍ കൊളുത്തിയ വിളക്കില്‍
വിഷലിപ്തമായ സ്നേഹം
നിറച്ചതാരാണ്?
സിരകളില്‍ ലഹരി പടര്‍ത്തുന്ന
ചിന്തകള്‍ ആരുടെ ദാനമാണ്?

അപ്പോള്‍ നമ്മള്‍ 
പറഞ്ഞുകൊണ്ടിരിയ്ക്കുന്നത് 
വേട്ട നായ്ക്കളുടെ പല്ലില്‍
കോര്‍ക്കപ്പെട്ട ഇരകളെക്കുറിച്ച്
കത്തിമുനകള്‍ രുചിച്ച
ചോരയെ പ്രതിപാദിച്ചില്ല.
കണ്ണുകളില്‍ ഉദിച്ച
ഭീതിയെക്കറിച്ചും.....
======================CNKumar .

No comments: