Monday, January 30, 2012

തിരിച്ചറിവുകള്‍

തിരിച്ചറിവുകള്‍

മകനെ ഉളിയെറിഞ്ഞു
കൊന്നതാണെന്ന്
നിങ്ങള്‍ ഉണ്ടാക്കിയ കെട്ടുകഥ
എല്ലാരും വിശ്വസിച്ചു ....
ആടിനെ പട്ടിയാക്കുന്ന കാലമല്ലേ...
നുണക്കഥകള്‍
എത്ര വേഗത്തിലാണ്
പരക്കുന്നത്.

ഞാന്‍ അത്രയ്ക്ക് ക്രൂരനാണോ?
നിങ്ങളുടെ ലക്‌ഷ്യം
എന്റെ തകര്ച്ചയല്ലേ?
അതില്‍ നിങ്ങള്‍
വിജയിച്ചു.
തകര്‍ക്കുക മാത്രമല്ല
വരും തലമുറ
എന്നെ കൊടുമയുടെ
ദൃഷ്ടാന്തമായി
ആചരിച്ചു.

അടിയാളനായ
എന്റെ ചിന്തകള്‍ക്കുമേല്‍
നിങ്ങള്‍ വിതറിയ
അഗ്നിബീജങ്ങള്‍ 
എന്റെ കുലമെരിച്ചത് കണ്ടു
നിങ്ങള്‍ ചിരിച്ചു.
എന്റെ കഴിവിനെ,
ആത്മവിശ്വാസത്തെ,
നേരിടാന്‍ നിങ്ങള്‍
സ്വീകരിച്ചത്
മനുഷ്യത്വം മരവിയ്ക്കുന്ന
കൌടില്യ തന്ത്രം.

നിങ്ങളില്‍ ഫണം വിടര്‍ത്തിയ
സവര്‍ണാധിപത്യത്തിന്‍
കരിമൂര്‍ഖന്‍
എഴുത്തോലയിലെ
വരികള്‍ക്കിടയില്‍
പതിയിരിയ്ക്കുന്നത്
ആറാം നേത്രത്തിന്റെ
തിരശീലയില്‍ തെളിയുന്നു.

ശില്പശാസ്ത്രത്തിലെ
എന്റെ കണ്ടെത്തലുകള്‍
നിങ്ങള്‍ കവര്‍ന്നു
പകരം
എന്റെ ചിതയിലെയ്ക്ക്
കാര്‍ക്കിച്ചു തുപ്പി. 

ഒന്നറിയുക;
നിങ്ങളൊന്നു തുപ്പിയാല്‍
ഒലിച്ചുപോകുന്നതല്ല
ഞാന്‍ തീര്‍ത്ത മഹാക്ഷേത്രങ്ങള്‍,
സ്നേഹസൌധങ്ങള്‍.

ഐതീഹ്യങ്ങള്‍ ചതിയുടെ
പണിപ്പുരകളാണെന്നും
അവയൊരിയ്ക്കല്‍
അഗ്നിനാളങ്ങളാല്‍
സ്ഫുടം ചെയ്യപ്പെടുമെന്നും
ഏടുകളില്‍ നിന്നും
കുടിയിറക്കപ്പെടുമെന്നും
മേഘങ്ങളില്‍ തെളിയുന്ന
ചുവരെഴുത്തുകള്‍ പറയുന്നു.

ഞാനിപ്പോഴും മനസ്സില്‍
കൂട്ടിവച്ച പുത്രസ്നേഹം
തേച്ചു മിനുക്കി
ഈ പുഴക്കരയില്‍
കാത്തിരിയ്ക്കുന്നു.

a creation of sri. N S Mony Mulavana.

8 comments:

Jefu Jailaf said...

അഭിപ്രായം ഇല്ല. അഭിനന്ദനങ്ങള്‍ മാത്രം..

സിയാഫ് അബ്ദുള്‍ഖാദര്‍ said...

അഭിനന്ദനങ്ങള്‍ ,നല്ല കവിത ,ഇനിയും പ്രിയപ്പെട്ട തച്ചാ ;ഞങ്ങള്‍ക്കിത് മാതിരിയുള്ള രമ്യഹര്‍മ്മ്യങ്ങള്‍ പണിത് തരിക ,,,

മെഹദ്‌ മഖ്‌ബൂല്‍ said...

ഒന്നറിയുക;
നിങ്ങളൊന്നു തുപ്പിയാല്‍
ഒലിച്ചുപോകുന്നതല്ല
ഞാന്‍ തീര്‍ത്ത മഹാക്ഷേത്രങ്ങള്‍,
സ്നേഹസൌധങ്ങള്‍.

വായനാസൂഗന്ധം നല്‍കുന്ന കവിതകള്‍...

sunil vettom said...

അഭിനന്ദനങ്ങള്‍ ......
തീക്ഷണതയുള്ള വരികള്‍ ....

ശിവപ്രസാദ് said...

പ്രീയപ്പെട്ട ഐതീഹങ്ങളെ നിങ്ങള്‍ എത്രയെത്ര സത്യങ്ങളെയാണ് കുഴിച്ചുമൂടിയത്

Roshan PM said...

ഐതീഹ്യങ്ങള്‍ ചതിയുടെ
പണിപ്പുരകളാണെന്നും
അവയൊരിയ്ക്കല്‍
അഗ്നിനാളങ്ങളാല്‍
സ്ഫുടം ചെയ്യപ്പെടുമെന്നും
ഏടുകളില്‍ നിന്നും
കുടിയിറക്കപ്പെടുമെന്നും
മേഘങ്ങളില്‍ തെളിയുന്ന
ചുവരെഴുത്തുകള്‍ പറയുന്നു. -ശക്തമായ വരികള്‍

Koya Kutty olippuzha said...

ഒന്നറിയുക;
നിങ്ങളൊന്നു തുപ്പിയാല്‍
ഒലിച്ചുപോകുന്നതല്ല
ഞാന്‍ തീര്‍ത്ത മഹാക്ഷേത്രങ്ങള്‍,
സ്നേഹസൌധങ്ങള്‍.
നല്ല രചന...ഐതീഹ്യങ്ങളില്‍ ഒളിഞ്ഞിരിപ്പുണ്ട് ചില നഗ്നസത്യങ്ങള്‍...എല്ലാ വിധ ഭാവുകങ്ങളും CN സാര്‍ .

rskurup said...

പെരും തച്ചന്റെ ഉള്ളു കണ്ടറിഞ്ഞ ആദ്യ തച്ചൻ കവിത .ജി വയ് ലോ പ്പിള്ളി , വിജയലക്ഷ്മി ഇവരുടെ തച്ചൻ കവിതകല്ക്കൊപ്പം വായിക്ക പ്പെടെ ണ്ട ത്