Wednesday, August 10, 2011

അവസാന വണ്ടി

അവസാന വണ്ടി

മകനെ,
ഈ ചിത്രത്തിന്‍റെ
വ്യാകരണത്തില്‍
പിശകുണ്ടെന്നു 
നീ പറയുന്നു.
നിനക്ക് വിശപ്പിന്റെ
വ്യാകരണം അറിയില്ല
കാരണം നീ പിറന്നത്‌
എന്റെ മകനായിട്ടാണ്,

പക്ഷെ എന്റെയച്ഛനു
സ്നേഹത്തിന്റെ
പട്ടിണിയില്ലായിരുന്നു
ആഴക്കടലിലെ മുത്തുകള്‍പോലെ
അനുഭവക്കുടുക്കകള്‍
ബാക്കിപത്രശേഷിപ്പായി
എന്നിലേയ്ക്ക് പകര്‍ന്നതിനാലാവാം
അക്കാലത്ത് വൃദ്ധസദനങ്ങള്‍
മുളയ്ക്കാതിരുന്നത്‌.
നിലവിളക്ക് തെളിയുന്നപൂമുഖത്ത്
ഹരിനാമാകീര്‍ത്തനംപോലെ
പഴംകഥകള്‍ ഒഴുകിപ്പരന്നതിനാലാവാം
എന്റെ ചിന്തകളില്‍
ഒരു ഗന്ധര്‍വ സാന്നിധ്യംപോലെ
അച്ഛനിപ്പോഴും കുടിയിരിപ്പതു.

നീ,എപ്പോഴെങ്കിലും
എന്റെ ചിത്രങ്ങളെ തൊടുമ്പോള്‍
കയ്യില്‍ ചോരമണക്കും.
അത് വരച്ചത്
ഹൃദയത്തില്‍ നിന്നാണ് .
പക്ഷെ നീയോ..?
വരയ്ക്കുവാനൊരു
ചിത്രത്തരിമ്പില്ലാതെ
നീലാകാശത്തിലൂടെ
പണക്കഴുകനായി
പറക്കുകയാണിപ്പോള്‍.
പറന്നിറങ്ങാനുള്ള  ചില്ല
വേനല്‍ കവര്‍ന്നത്
തിമിരക്കാഴ്ച്ചയുടെ
വട്ടത്തിനുമപ്പുറം
നിറമറ്റ മുറിവുകളായി
ഗ്രഹണസമയത്തെ
കിളികളെപ്പോല്‍
പറന്നകലുകയല്ലേ.

എന്റെ പകലുകളിലിപ്പോള്‍
പുകമഞ്ഞു പടര്‍ന്നിരിയ്ക്കുന്നു.
കാഴ്ച്ചയുടെ തരംഗദൈര്‍ഘ്യം
ഭൂതകാലത്തിലെയ്ക്ക്
മാത്രം തുറക്കുന്ന ജാലകമല്ല.
അത് വര്‍ത്തമാനത്തിന്റെ
സന്ദേശം കൂടിയാണ്.
അതിനാല്‍, നിന്റെ വരകള്‍ക്ക്
ജന്മം നല്‍കാന്‍ 
ഈ മഷിപ്പാത്രം നിറച്ചു 
ഞാന്‍ കാത്തിരിക്കുകയാണ്
അവസ്സാനത്തെ വണ്ടിയും
എന്നിലേയ്ക്കെത്തും വരെ... 
============================CNKumar

1 comment:

അഷ്‌റഫ്‌ സല്‍വ said...

അത് വരച്ചത്
ഹൃദയത്തില്‍ നിന്നാണ് .
പക്ഷെ നീയോ..?
വരയ്ക്കുവാനൊരു
ചിത്രത്തരിമ്പില്ലാതെ
നീലാകാശത്തിലൂടെ
പണക്കഴുകനായി
പറക്കുകയാണിപ്പോള്
:))))))