Sunday, July 17, 2011

അന്തിമം

അന്തിമം

ഈ തെരുവില്‍നിന്നും
ഇനിയെപ്പോഴാണ്‌
പാതി വെന്തശവങ്ങള്‍
പടനയിച്ചെത്തുന്നത്?
കാറ്റിനും മരംകോച്ചുന്ന
തണുപ്പിനും മീതെ
ആരുടെയൊക്കെ  തേങ്ങലുകള്‍.

ഞാനിപ്പോഴും
വീണക്കമ്പികളില്‍
വിരലോടിച്ചു
രസിക്കുന്ന നീറോയെപ്പോലെ
ശീതീകരിച്ച മുറിയുടെ
സുഖംനുകര്‍ന്നു,
കണ്ണും കാതും താഴിട്ടു
ലഹരി നുണയുകയല്ലോ.
വാതായനങ്ങള്‍ കൊട്ടിയടച്ചത്
ദീനരോദനങ്ങള്‍
ആലോസ്സരപ്പെടുത്താതിരിയ്ക്കാന്‍,
ചെവിയ്ക്കുള്ളില്‍ ഒരു മൂളല്‍
മുമ്പൊരിയ്ക്കലും കേള്‍ക്കാത്തത്.
എപ്പോഴും  ചിരിയ്ക്കാറുള്ള
ആ പെണ്‍കൊടി
പടിയ്ക്കലിന്നെന്തേ വന്നില്ല ?
ഇന്നലെ ചിതറിത്തെറിച്ച
മനുഷ്യരില്‍ അവളും...?

ആരൊക്കെയാണ്
വിഷുക്കാലം പോലെ
പടക്കം പൊട്ടിച്ചു കളിക്കുന്നത്?
എന്റെ ആലസ്യം
ഒരു പഴുതായിരുന്നോ?
വൈകിയുണരുന്ന ശീലം
പണ്ടേ എനിയ്ക്ക് സ്വന്തം.

ഈ പുലര്‍കാലം
നല്‍കുന്ന സന്ദേശം
വായിച്ചെടുക്കാന്‍
ഒരു കണ്ണട
ഇനിയെങ്കിലും
അണിയാതിരുന്നാല്‍
ഒരു ഭീഷണി
എനിയ്ക്കുനേരെ വരും.
അതിനു മുമ്പ്,
ഇരുണ്ടമുറിയുടെ
നെടുവീര്‍പ്പില്‍നിന്നു
പകല്‍ വെളിച്ചത്തിലേയ്ക്കു
ഒരു തീര്‍ഥാടനം
അത് മാത്രമാണ്
അന്തിമമായാത് ........
=========================== CNKumar

No comments: