Sunday, July 3, 2011

ഒറ്റ

ഒറ്റ

കൂട്ടുകാരാ,
നിന്റെ ചിത്രങ്ങളില്‍
ചോരയുടെ ചൂര്
എങ്ങനെയാണ് നിറച്ചത്?

ചിതറിപ്പോകുന്ന
കാഴ്ചവട്ടങ്ങള്‍ക്ക്
സൂര്യ താപം,
നീയിനിയും
നടക്കാന്‍ തുടങ്ങിയില്ലേ?
കോടമഞ്ഞെന്നു നിനച്ചത്
പുകമഞ്ഞായിരുന്നു.

ഈ നിരത്തുകളില്‍
ചതഞ്ഞരഞ്ഞത്
നെയ്തൊരുക്കിയ സ്വപ്നങ്ങള്‍ തന്‍
ശവമഞ്ചമല്ലേ?
കാഴ്ച്ചത്തീവണ്ടിയില്‍
കടംകൊണ്ട ജീവിതത്തിന്‍
തിക്കും തിരക്കും
ഒരു പക്ഷെ,
നിന്റെ നെഞ്ചിലേയ്ക്കടുക്കുന്ന
ചൂളം വിളിയാകാം മുഴങ്ങിയത്.

ഈ തീരത്തെ വിജനതയില്‍
സംവദിച്ചത്
കാറ്റ്  പരതുന്നതും
കടല്‍ ചോദിച്ചതുമായ
നിണച്ചാലുകളോടല്ലേ ?

നിന്റെ നരച്ച താടിയില്‍
മുങ്ങാംകുഴിയിടുന്ന
പരിഭവച്ചിന്തുകള്‍ക്ക്
ഭാര്യയുടെ മുഖച്ഛായ.

ഇപ്പോഴും ഒരു കണ്ണട
നീയണിഞ്ഞിരിക്കുന്നു.
അതിലൂടെ നിന്നെയും
എന്നെയും  വായിച്ചെടുക്കാന്‍
ഒരു ശ്രമം
അതല്ലേയീ ചിത്രപ്പൊരുള്‍.
ഞാനിപ്പോള്‍ നിന്നില്‍നിന്നും
വളരെയകലെയാണ്.
നീയൊറ്റ മാത്രം.
തികച്ചും......
==============================CNKumar


  

1 comment:

സിയാഫ് അബ്ദുള്‍ഖാദര്‍ said...

ഒറ്റയാണ് നീ ..ഇത്ര സുന്ദരമായ ഒരു കവിതയ്ക്ക് ഒരു കുറിപ്പെഴുതാന്‍ ആരുമില്ലെന്നോ ?കഷ്ടം തന്നെ ,ഹൃദയത്തിലേക്ക് പെയ്യുന്ന വരികള്‍ ,നന്ദി സര്‍