Wednesday, June 1, 2011

തറവാട്

തറവാട്

അമ്മേ, വിടതരിക,
വിടതരിക, പോകുന്നു ഞാനെന്‍
ദുഃഖം നിമജ്ജനം ചെയ്യുവാന്‍.
ഓര്‍മ്മകള്‍ ചേക്കേറി കൂടുകള്‍ കൂട്ടും
മനസ്സിന്റെ നീലച്ച മേട്ടില്‍
കത്തിപ്പടരുന്നയന്ധകാരത്തിന്റെ
ദര്‍ഭത്തലപ്പുകള്‍ കൊയ്തെടുത്തീടുവാന്‍
പോകുന്നു; അമ്മേ വിട തരിക.

പടുതിരി കത്തുന്ന ചങ്ങലവട്ടതന്‍
ചോട്ടിലിരുന്നെന്‍ മുത്തശ്ശി ചൊല്ലുന്നു,
ഉണ്ണീ, പിതൃക്കള്‍ക്കുദകങ്ങളൂട്ടുക,
കാവില്‍ നീ നൂറും പാലും നിവേദിക്ക,
നാഗവും ഭൂതവുമെന്നെയും നിന്നെയു-
(മിത്തറവാട്ടിലെ ജീര്‍ണിച്ച തൂണും തുരുമ്പും )
കാക്കുന്ന ദൈവങ്ങളല്ലേ......
ഉണ്ണീ, പോകരുതിന്നു നീ ,
മുത്തശ്ശി ചൊല്ലുന്നതൊന്നു കേള്‍ക്കു.

ജീര്‍ണസംസ്ക്കാരത്തിന്‍ മാറാപ്പു കെട്ടുകള്‍,
അന്ധവിശ്വാസത്തിന്‍ കാവിയുടുപ്പുകള്‍
ഭസ്മച്ചിരട്ടയും രുദ്രാക്ഷമാലയും
ദൂരത്തെറിഞ്ഞു ഞാന്‍ പോകുന്നു.

അസ്ഥിമാടങ്ങളില്‍ തിങ്ങിയുയരുന്ന
കുന്തിരിയ്ക്കത്തിന്റെ ധൂമവ്യൂഹങ്ങളില്‍
കനല്‍ കത്തിപ്പടരും നേരിപ്പോടിനുള്ളില്‍
കത്തിയമരുന്നു:വിന്നെന്‍ സ്മരണയില്‍
കൊത്തിവച്ചോരാ ഓര്‍മ്മക്കുറിപ്പുകള്‍
കത്തിയും താടിയും വച്ച രൂപങ്ങളെന്‍
ചിന്തയില്‍  കയ്യും കലാശവും കാട്ടുന്നു.
കുരുടന്റെ പുത്രരില്‍ മുമ്പനും ശകുനിയും
പല്ലും നഖങ്ങളും കാട്ടിയലറുന്ന രാവുകള്‍
വിളറി വെളുക്കും പുലരിയില്‍
കര്‍ണന്റെയാത്മാവിലുയരുന്ന
സാന്ദ്രമാം ദുഖവും തപ്തനിശ്വാസവും
കണ്ടു ഞാന്‍ പടികളിറങ്ങുന്നു; അമ്മേ വിടതരിക.

ഒന്നാം പുരയില്‍ നിലവറയ്ക്കുള്ളിലെന്‍
ജ്യേഷ്ടന്റെ മെല്ലിച്ച  രൂപവുമാര്‍ത്തനാദങ്ങളും
പൊട്ടിച്ചിരിക്കുന്ന ചങ്ങലക്കെട്ടുകള്‍,
പോയകാലത്തിന്റെ പൂണൂല്‍ക്കുരുക്കുകള്‍.
നീറിപ്പുകയും ചെരാതുകള്‍ ജ്യേഷ്ടന്റെ
രോഷം പുകയും മനസ്സിന്‍ശ്ചായകള്‍.

ഭൂതങ്ങളും സര്‍വ്വ നാഗങ്ങളും
കാവലിരിക്കുന്ന കാവില്‍,
വിലക്ക് കൊളുത്തി മടങ്ങവേ;
മൂര്‍ഖന്‍ കടിച്ചു മരിച്ചയോപ്പോളുടെ
നീലിച്ച രൂപമെന്‍ കണ്ണില്‍ തെളിയവെ,
ഞാനൊന്ന് ചോദിച്ചുകൊള്ളട്ടെ മത്തശ്ശീ;
നമ്മളെക്കാക്കുന്ന തറവാട്ടു ദൈവങ്ങളെ-
വിടെയൊളിച്ചു;അന്നെവിടെയൊളിച്ചു ?

ഇന്നില്ലയെന്‍  കൊച്ചു കവിളത്തൊരു
ചക്കരയുമ്മ നല്കുമെന്നോപ്പോള്‍
വരില്ലയൊരിയ്ക്കലും  കൊച്ചുമണ്‍-
വീടുവച്ചച്ഛനുമമ്മയും കളിക്കാന്‍.

കണ്ണീരുമൊത്തിക്കുടിക്കുന്ന രാവും
മാറാലകേറിയ ബാല്യസ്മരണയും
ഞാനെടുക്കുന്നുവെന്നമ്മേ;
പടിപ്പുര വാതിലില്‍ പുലരി വ-
ന്നെത്തിനോക്കുന്നോരീ വേളയില്‍,
അന്ധവിശ്വാസങ്ങള്‍ താണ്ഡവമാടും
തറവാട് വിട്ടു ഞാന്‍ പോകുന്നുവമ്മേ;
വിടതരിക, അമ്മേ വിടതരിക.
 ===========================13 -09 -1985


No comments: